Google+ Followers

Pages

Tuesday, 7 June 2011

ഒരു പൂവിന്‍റെ ഓര്‍മ്മയില്‍ഞാനോടുകയായിരുന്നു ,
നഗ്നപാളങ്ങള്‍ക്കുമീതെ
വേനല്‍ച്ചൂടേറ്റു  
വേവുന്ന പാദങ്ങള്‍ നീട്ടി..
വീശിയടിച്ചകാറ്റില്‍ ചോരക്കറ, 
മീതെപ്പറക്കുന്ന  കഴുകക്കണ്ണില്‍
വിഷംപുരണ്ട അസ്ത്രമുനകള്‍.
അടിതെറ്റിവീണ  ഉടലില്‍ ,
എന്‍റെ മുടിയില്‍ ,
വേദനയുടെ വടംവലി..
വക്കുകൂര്‍ത്ത കല്ലില്‍ 
ചിതറിയ ചിന്തകള്‍..
അബോധബോധനിലയില്‍ 
സാഗരത്തിന്‍റെ ശാന്തനീലിമയില്‍ 
നങ്കുരം തേടി നീങ്ങുന്ന
പായ്ക്കപ്പലുകള്‍...
ഉമിനീര്‍വറ്റിയ തൊണ്ടയില്‍
ചവര്‍ന്നിറങ്ങുന്ന കൊഴുത്ത ദ്രവം,
കടിച്ചെടുത്ത കീഴ്ച്ചുണ്ടില്‍ നിന്നും
കിനിഞ്ഞിറങ്ങുന്ന  ജീവജലം,
കനക്കുന്ന ഉടല്‍, താഴെ മണ്ണിലേക്ക്
ആഴ്ന്നിറങ്ങുന്ന വേരുകള്‍..
വിറയാര്‍ന്ന  തോളില്‍  
അമരുന്ന തീക്കാലുകള്‍...
പ്രജ്ഞയുടെ  ശേഷിപ്പില്‍
മിഴികള്‍ പ്രാര്‍ത്ഥിച്ചതും 
മരണമെന്ന മഹാവൈദ്യനെ..
_________________________________________________ 

15 comments:

നൗഷാദ് അകമ്പാടം said...

ശക്തമായ പ്രമേയം.
കൂടുതല്‍ എഴുതിത്തെളിയാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു..
ഒപ്പം നമ്മുടെ
ഗ്രൂപ്പിലേക്ക് ഹാര്‍ദ്ദവമായ സ്വാഗതവും!

പദസ്വനം said...

"മിഴികള്‍ പ്രാര്‍ത്ഥിച്ചതും
മരണമെന്ന മഹാവൈദ്യനെ."


ഞാനും ഇത്തരം വാര്‍ത്തകള്‍ വരുമ്പോള്‍ അതാണ്‌ ആശിക്കുന്നതും..
അവളുടെ മരണം..
ധൈര്യക്കുറവ് ആണോ?? എന്തോ.. അറിയല്ല..
നിസ്സഹായ ആണ് അവള്‍ പലപ്പോഴും..
ഇത് ശക്തരുടെ ലോകം.. :-s

മണ്‍സൂണ്‍ നിലാവ് said...

മകളെ ,അച്ഛന്നുറങ്ങാതിരിക്കുന്നു
നീ വന്നു പിറന്നതില്‍ പിന്നെ
മൂര്‍ദ്ധാവില്‍ ഉമ്മവച്ചുമാരോട്
ചേര്‍ക്കുംനേരമുള്ളോന്നു
പിടഞ്ഞതാണന്നു പൊന്നെ .....

( വരികള്‍ എന്റേത് തന്നെ )

എല്ലാ അച്ഛന്മമാരുടെയും അവസ്ഥ ഇതാണ് ഇപ്പോ, നമ്മുടെ നാട് ഇങ്ങന ആയി പോയതോര്‍ന്നു ഞാനും വേദന്നിക്കുന്നു ........ആശംസകള്‍ ( നന്ദി )

ജയിംസ് സണ്ണി പാറ്റൂര്‍ said...

മൂര്‍ച്ചയോടെ ആഴത്തില്‍ തുളഞ്ഞു കയറുന്നു
ഈ കവിത

പരിണീത മേനോന്‍ said...

എല്ലാവര്‍ക്കും ഹൃദയഗമമായ നന്ദി.

ഷാജു അത്താണിക്കല്‍ said...

വരികള്‍ സ്പാര്‍കിങ്ങ് ഉണ്ട്
ശക്തമായ വിവരണം

moideen angadimugar said...

വരികൾ മനസ്സിനെ വല്ലാതെ നോവിക്കുന്നു പരിണീത..
www.moideenangadimugar.blogspot.com

പ്രഭന്‍ ക്യഷ്ണന്‍ said...

....ഞാനോടുകയായിരുന്നു ,
നഗ്നപാളങ്ങള്‍ക്കുമീതെ
വേനല്‍ച്ചൂടേറ്റു
വേവുന്ന പാദങ്ങള്‍ നീട്ടി....
വരികള്‍
ഇഷ്ട്ടപ്പെട്ടൂട്ടോ..

ഓട്ടമവസാനിക്കുന്നില്ല..
ഒറ്റക്കണ്ണനും,മുറിക്കയ്യനും..
നിക്കറുപയ്യനും,ഊന്നുവടിയനും...
എല്ലാരുമുണ്ട് പിന്നില്‍....
ഓടാതെ വയ്യല്ലോ..!!

ഒത്തിരിയാശംസകള്‍...!!!

കൊമ്പന്‍ said...

കാലിക ചിന്തകളിലെ ആശങ്ക കള്‍ ഞാന്‍ അങ്ങിനെ കാണുന്നു ഈ വരികളെ
നന്നായിരിക്കുന്നു

Anonymous said...

സൗമ്യയുടെ ഓര്‍മ്മയില്‍... :(

Villagemaan said...

നന്നായിട്ടുണ്ട്..വീണ്ടും എഴുതു

എല്ലാ ഭാവുകങ്ങളും..

ബാവ രാമപുരം said...

നല്ല വരികള്‍
ശക്തമായ പ്രമേയം.
അഭിനന്ദനങ്ങള്‍

ചന്തു നായര്‍ said...

നല്ല ചിന്ത.. ശ്ലീലമായ വരികളിൽ തുറിച്ച് നിൽക്കുന്ന ദൈന്യത... കനക്കുന്ന ഉടല്‍, താഴെ മണ്ണിലേക്ക്
ആഴ്ന്നിറങ്ങുന്ന വേരുകള്‍..
വിറയാര്‍ന്ന തോളില്‍
അമരുന്ന തീക്കാലുകള്‍... പ്രജ്ഞയുടെ ശേഷിപ്പില്‍
മിഴികള്‍ പ്രാര്‍ത്ഥിച്ചതും
മരണമെന്ന മഹാവൈദ്യനെ.. ഭാവുകങ്ങൾ..

രാധേശ്യാം said...

മരണമെന്ന മഹാവൈദ്യനെ..!! നന്നായിരിക്ക്യുന്നു.

Renjithkumar.R. Nair said...

വേദനയുടെ വടംവലി.
നങ്കുരം തേടി നീങ്ങുന്ന
പായ്ക്കപ്പലുകള്‍...
.പ്രജ്ഞയുടെ ശേഷിപ്പില്‍
മിഴികള്‍ പ്രാര്‍ത്ഥിച്ചതും
മരണമെന്ന മഹാവൈദ്യനെ.....നന്നായിരിക്കുന്നു..അഭിനന്ദനങ്ങള്‍

Post a Comment

Follow by Email

 
Copyright (c) 2010 കീരവാണി. Design by WPThemes Expert

Themes By Buy My Themes And Web Hosting Reviews.