Wednesday 22 June 2011

രണ്ടു കവിതകള്‍

പുഴു 


പുഴുവാകണം ,
പട്ടുനൂല്‍  നെയ്തിട്ട്
പാശ്ചാത്യനെ ഉടുപ്പിക്കാനല്ല 
പുസ്തകതാളില്‍
പറ്റിച്ചേര്‍ന്നു കിടക്കാന്‍,
ബുദ്ധനെയും 
ടാഗോറിനെയും സ്മരിക്കാന്‍...
___________________________________




മുറ്റം


കുറ്റിച്ചൂലില്‍
ആകാശം വരച്ചു ,
മേഘങ്ങള്‍ സൃഷ്ടിച്ചു,
കൊടുംകാറ്റു വീശി, 
വിപ്ലവം തോറ്റപ്പോള്‍
അരപ്പട്ട ബാക്കിയായ്‌...
                                ______________________________  

Sunday 12 June 2011

സമീര


               അഞ്ജുനായിലെ  തിരകള്‍ക്ക്
                        ബാര്‍ബിഡോളിന്‍റെ  
                   നീലക്കണ്ണുകളായിരുന്നു...
              ബീച്ചിലെ  മണല്‍ത്തരികളില്‍ 
                             സമീരയെന്ന്‍ 
                       അക്ഷരപൂക്കളാല്‍
                പ്രണയം കുറിച്ചിടുമ്പോള്‍
                             പുഴുങ്ങിയ 
                       നിലക്കടലകള്‍ നീട്ടി
                കോമള്‍ഗുഡി പുഞ്ചിരിച്ചു..
                  കൂട്ടുകാരി വന്നില്ലേയെന്ന 
                   അവളുടെ ചോദ്യത്തിന് 
                             സമീരയോളം 
                       ദൂരമുണ്ടായിരുന്നു..
                   കൈലേസില്‍ സൂക്ഷിച്ച 
                      ക്ഷണക്കത്തെടുത്ത്
             അവള്‍ക്കുനേരെ നീട്ടുമ്പോള്‍ 
             സമീര ഉള്ളിലിരുന്ന് കിതച്ചു ..
                              ഗുഡിയുടെ 
                      നിറഞ്ഞ മിഴികളില്‍ 
          അഞ്ജുനായിലെ മണല്‍പ്പരപ്പില്‍
              വഴിപിരിഞ്ഞുപോയവരുടെ 
                 ആത്മാക്കളുണ്ടായിരുന്നു..
               പിന്നെയും സഫലമാവാത്ത 
                               ഒരായിരം
                  കിനാക്കളുണ്ടായിരുന്നു...

 ______________________________________________

Tuesday 7 June 2011

ഒരു പൂവിന്‍റെ ഓര്‍മ്മയില്‍



ഞാനോടുകയായിരുന്നു ,
നഗ്നപാളങ്ങള്‍ക്കുമീതെ
വേനല്‍ച്ചൂടേറ്റു  
വേവുന്ന പാദങ്ങള്‍ നീട്ടി..
വീശിയടിച്ചകാറ്റില്‍ ചോരക്കറ, 
മീതെപ്പറക്കുന്ന  കഴുകക്കണ്ണില്‍
വിഷംപുരണ്ട അസ്ത്രമുനകള്‍.
അടിതെറ്റിവീണ  ഉടലില്‍ ,
എന്‍റെ മുടിയില്‍ ,
വേദനയുടെ വടംവലി..
വക്കുകൂര്‍ത്ത കല്ലില്‍ 
ചിതറിയ ചിന്തകള്‍..
അബോധബോധനിലയില്‍ 
സാഗരത്തിന്‍റെ ശാന്തനീലിമയില്‍ 
നങ്കുരം തേടി നീങ്ങുന്ന
പായ്ക്കപ്പലുകള്‍...
ഉമിനീര്‍വറ്റിയ തൊണ്ടയില്‍
ചവര്‍ന്നിറങ്ങുന്ന കൊഴുത്ത ദ്രവം,
കടിച്ചെടുത്ത കീഴ്ച്ചുണ്ടില്‍ നിന്നും
കിനിഞ്ഞിറങ്ങുന്ന  ജീവജലം,
കനക്കുന്ന ഉടല്‍, താഴെ മണ്ണിലേക്ക്
ആഴ്ന്നിറങ്ങുന്ന വേരുകള്‍..
വിറയാര്‍ന്ന  തോളില്‍  
അമരുന്ന തീക്കാലുകള്‍...
പ്രജ്ഞയുടെ  ശേഷിപ്പില്‍
മിഴികള്‍ പ്രാര്‍ത്ഥിച്ചതും 
മരണമെന്ന മഹാവൈദ്യനെ..




_________________________________________________ 

Monday 6 June 2011

എന്‍റെ ചിരി



ആദ്യം വന്നത്
മോണകാട്ടി
അമ്മയ്ക്ക് സന്തോഷം..
പുഴുപ്പല്ല് കണ്ടപ്പോള്‍
ചേട്ടന് കഷ്ടം..
കൊഴിഞ്ഞ വിടവില്‍
ടീച്ചര്‍ ചിരിച്ചു..
നിരയൊത്തപ്പോള്‍
അയല്‍പക്കത്തെ ചെക്കന്‍
കണ്ണിറുക്കി..
അധരം ചേര്‍ത്തപ്പോള്‍
അദ്ദേഹം ചുംബിച്ചു..

പിന്നേയും ചിരിച്ചു 
പല്ലുകാട്ടി,
നേര്‍ത്ത  നാവുതൊട്ട്..
ഒടുവിലെ  ഉറക്കത്തില്‍
ഓലപ്പായില്‍ ഒളിപ്പിച്ചത്
കുസൃതിയുടെ  
മായാത്ത  മന്ദഹാസം....
_______________________________
 
Copyright (c) 2010 കീരവാണി. Design by WPThemes Expert

Themes By Buy My Themes And Web Hosting Reviews.